This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലുഗ്, ആരന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലുഗ്, ആരന്‍

Klug, Aaron (1926 - )

ആരന്‍ ക്ലുഗ്

നോബല്‍ സമ്മാനിതനായ (1982) ബ്രിട്ടീഷ് ജൈവ-ഭൗതികശാസ്ത്രജ്ഞന്‍; ഇദ്ദേഹം ദക്ഷിണ ആഫ്രിക്കന്‍ വംശജനാണ്. 1926 ആഗ. 11-ന് ലിത്വാനിയ (Lithuania)യില്‍ ജനിച്ചു. ജൊഹന്നാസ് ബര്‍ഗിലെ വിറ്റ്വാട്ടേഴ്സ് റാന്‍ഡ് സര്‍വകലാശാലയില്‍ ഒരു വര്‍ഷം വൈദ്യശാസ്ത്രപഠനം നടത്തിയെങ്കിലും അത് തുടരാതെ ശാസ്ത്രവിഷയങ്ങളില്‍ ശ്രദ്ധ പതിപ്പിച്ചു. 1947-ല്‍ കേപ്ടൌണില്‍ നിന്നും ക്രിസ്റ്റലോഗ്രാഫിയില്‍ ബിരുദാനന്തര ബിരുദം നേടി. 1949-ല്‍ ഇംഗ്ലണ്ടില്‍ എത്തി കേംബ്രിജിലുള്ള കാവന്‍ഡിഷ് ലബോറട്ടറിയില്‍ ജോലിനോക്കി. 1954-ല്‍ ലണ്ടനിലെ ബെര്‍ക്ബെക് (Birkbeck) കോളജില്‍ ജോലിയില്‍ പ്രവേശിച്ചു. 1958 മുതല്‍ 62 വരെ അവിടെ 'വൈറസ് സ്ട്രക്ച്ചര്‍ റിസര്‍ച്ച് ഗ്രൂപ്പി'ന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. 1962-ല്‍ കേംബ്രിജിലേക്കു തിരിച്ചുപോയി.

ഇലക്ട്രോണ്‍ മൈക്രോഗ്രാഫില്‍ ലേസര്‍ രശ്മികള്‍ കൊണ്ട് പ്രദീപ്തി (illumination) ചെയ്ത് അതിന്റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിച്ചത് ക്ലുഗാണ്. ബെര്‍ക് ബെക്കില്‍ ജെ.ഡി. ബര്‍ണാളിനൊപ്പം ചേര്‍ന്ന് പോളിയോ വൈറസുകളെക്കുറിച്ചും ഡൊനാള്‍ഡ് കാസ്പറുമായി ചേര്‍ന്ന് ചെറുതരം വൈറസുകളെക്കുറിച്ചും ക്ലുഗ് ഗവേഷണം നടത്തി. ചെറുതരം വൈറസുകള്‍ക്ക് ഗോളാകൃതിയോ ദണ്ഡാകൃതിയോ ആണെന്നും പ്രോട്ടീന്‍ ആവരണമുള്ള ന്യൂക്ലിയിക് അമ്ലമാണിതില്‍ ഉള്‍ക്കൊണ്ടിരിക്കുന്നതെന്നും ഈ പഠനങ്ങളിലൂടെ തെളിഞ്ഞു. വളരെ ചെറിയ പ്രോട്ടീന്‍ തന്മാത്രകളാല്‍ എങ്ങനെ ഈ ആവരണം സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നുവെന്നും ക്ലുഗും കാസ്പറും വിശദീകരിക്കുകയുണ്ടായി.

ഹെലിക്കല്‍ (helical) വൈറസുകളെക്കുറിച്ച് കേംബ്രിജില്‍വച്ച് ഇദ്ദേഹം പഠിക്കുകയും പ്രോട്ടീന്‍ യൂണിറ്റുകളുടെ നിര്‍മിതിയെപ്പറ്റി വിശദീകരിക്കുകയും ചെയ്തു. ജന്തുകോശങ്ങളിലെ ഡി.എന്‍.എ.യുടെ പ്രവര്‍ത്തനത്തെയും സംരചനയെയും കുറിച്ചും ഇദ്ദേഹം പഠനങ്ങള്‍ നടത്തി. കോശങ്ങളിലെ ക്രൊമാറ്റിനെയും ക്ലുഗ് പഠനവിധേയമാക്കുകയുണ്ടായി. മോളിക്കുലര്‍ ബയോളജിയിലെ ഗവേഷണങ്ങളെ പുരസ്കരിച്ചാണ് രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ക്ലുഗിന് നല്കിയത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍